നാഗർകോവിൽ: നാഗർകോവിൽ സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ച് ബന്ധുക്കളും പ്രതിപക്ഷ പാർട്ടികളും. ശാരീരിക വെല്ലുവിളി നേരിട്ടിരുന്ന 35 കാരനായ ശബരി വർമനാണ് ജുലൈ 13ന് ജൂഡീഷൽ കസ്റ്റഡിയിലിരിക്കേ ദുരൂഹസാഹചര്യത്തിൽ മരിച്ചത്. ഏത്തൻകാടിലെ കടയുടെ ഉടമയായിരുന്നു ശബരി.
നിരോധിത ഉത്പന്നമായ ഗുഡ്ക കൈവശംവച്ചെന്ന കുറ്റത്തിന് ജൂലൈ ഒന്പതിനാണ് ശബരിയെ തേൻതാമരൈക്കുളം പോലീസ് കസ്റ്റഡിയിലെടുത്തത്. ശബരിയുടെ കടയിൽനിന്ന് 200 ഗ്രാം ഗുഡ്ക പോലീസ് പിടിച്ചെടുത്തിരുന്നു. ജയിലിനുള്ളിൽവച്ച് ഉച്ചത്തിൽ സംസാരിച്ചതിനു ജൂലൈ 13ന് അർധരാത്രി സഹതടവുകാരും ജയിൽ ജീവനക്കാരും ചേർന്ന് അതി ക്രൂരമായി മർദിക്കുകയായിരുന്നു.
അറസ്റ്റിലായത് മൂന്നു ജീവനക്കാരും എട്ട് സഹതടവുകാരും
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ചീഫ് ജയിൽ വാർഡൻ ഉൾപ്പെടെ മൂന്നു ജീവനക്കാരെയും എട്ട് സഹതടവുകാരെയും പോലീസ് അറസ്റ്റ് ചെയ്തു. ശബരിയുടെ ദേഹത്ത് 19 ഇടങ്ങളിൽ മർദനമേറ്റ പാടുകളുണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ, മൃതദേഹം കൈപ്പറ്റാൻ ബന്ധുക്കൾ തയാറായിട്ടില്ല.
കേസിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്തണമെന്നുമാണ് ഇവരുടെ ആവശ്യം. ഇതേത്തുടർന്ന് പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെതിരേ രംഗത്തെത്തി. സംസ്ഥാനത്ത് ക്രമസമാധാനപാലനം തകരാറിലായെന്നും ശബരിയുടെ മരണത്തിൽ പോലീസും സർക്കാരും പ്രതിസ്ഥാനത്താണെന്നും കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം ഡിഎംകെ എംപി കനിമൊഴി പ്രതികരിച്ചു. ഡിഎംകെയുടെ കാലത്തുള്ളതുപോലെ കസ്റ്റഡി മരണങ്ങൾ ആവർത്തിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ ആരോപിച്ചു. ശബരിയുടെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്ന് പിഎംകെ നേതാവ് അൻപുമണി രാമദാസ് ആവശ്യപ്പെട്ടു.